കാനഡ, ആസ്ത്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം ‘ലജ്ജാകരവും ധാര്‍മിക ഭീരുത്വവുമാണ്’ എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
‘ആ സമയത്തും, ഫലസ്തീന് ജനതയുടെ ധീരമായ പോരാട്ടത്തിലുടനീളം, അന്താരാഷ്ട്ര വേദിയില്‍ ശരിയായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടും മാനവികതയുടെയും നീതിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഞങ്ങള്‍ ലോകത്തിന് വഴി കാണിച്ചുകൊടുത്തു. ആസ്ത്രേലിയ, കാനഡ, യുകെ എന്നിവ മാത്രമാണ് ഇത് പിന്തുടരുന്നത്. 37 വര്‍ഷം വൈകി. ഇതാ, കഴിഞ്ഞ 20 മാസമായി ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങള്‍ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്” പ്രിയങ്ക പറഞ്ഞു.
കാനഡ, ആസ്ത്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ തന്നെ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു. 1988 നവംബര്‍ 18 ന് ഇന്ത്യ ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ 20 മാസമായി ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക ഭീരുത്വവുമാണ്’ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ പരാമര്‍ശിച്ചുകൊണ്ട് ജയ്റാം പറഞ്ഞു.
യുഎസിന്റെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് യുകെ ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന.


