ഫിഫ വനിതാ ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അറുപത്തി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വനിതാ ടീമിന്റെ ഏറ്റവും മികച്ച റാങ്ക് ഉയര്‍ച്ചയാണിത്.
2023 ല്‍ അറുപത്തിയൊന്നാം സ്ഥാനം നേടാന്‍ ടീമിന് കഴിഞ്ഞിരുന്നു. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഈ പുരോഗതിക്ക് കാരണമായത്. മികച്ച പ്രകടനത്തിലൂടെ ഏഷ്യ കപ്പിന് യോഗ്യത നേടിയും ചരിത്രം കുറിച്ചും ഇന്ത്യയുടെ പെണ്‍പുലികള്‍. 2026-ല്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ കളിക്കാനാണ് ടീമിന് അവസരം ലഭിച്ചത്. ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ഏഷ്യ കപ്പിന് യോഗ്യത നേടുന്നത്. 2003 ല്‍ ആണ് അവര്‍ അവസാനമായി ടൂര്‍ണമെന്റില്‍ കളിച്ചത്. യോഗ്യത മത്സരങ്ങളില്‍ ഇന്ത്യ, കരുത്തരായ തായ്ലന്‍ഡിനെ 2-1ന് തോല്‍പ്പിച്ച് ഓസ്ട്രേലിയയിലെ ടിക്കറ്റ് നേടി. മറ്റ് യോഗ്യത മത്സരങ്ങളില്‍, മംഗോളിയയെ 13-0ന്, തിമോര്‍-ലെസ്റ്റെയെ 4-0ന്, ഇറാഖിനെ 5-0ന് ഇന്ത്യ പരാജയപ്പെടുത്തി. 2022-ലെ ഏഷ്യ കപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് യോഗ്യത ലഭിച്ചിരുന്നുവെങ്കിലും, താരങ്ങള്‍ക്ക് കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.


