ഒന്റാറിയോ (കാനഡ): തുടര്‍ച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്റാറിയോ പ്രവിശ്യയിലെ ഒരു സിനിമാ തിയറ്റര്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1, പവന് കല്യാണിന്റെ ദേ കോള്‍ ഹിം ഒജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ബാധിച്ചത്.
തീയിടല്‍, വെടിവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് ഈ തീരുമാനം വരാന്‍ കാരണം. സെപ്റ്റംബര്‍ 25ന് രണ്ട് പേര് ഗ്യാസ് കാനുകള്‍ ഉപയോഗിച്ച് തിയറ്ററിന്റെ പ്രവേശന കവാടത്തിന് തീയിടാന്‍ ശ്രമിച്ചിരുന്നു. സമയബന്ധിതമായ ഇടപെടലിലൂടെ തീ നിയന്ത്രിച്ചെങ്കിലും കെട്ടിടത്തിന്റെ പുറംഭാഗം കേടുപാടുകള്‍ നേരിട്ടു. ഒക്ടോബര്‍ 2ന് ഒരാള്‍ തിയറ്ററിനെ ലക്ഷ്യമാക്കി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയും ചെയ്തു. ഇരുവിധ സംഭവങ്ങളും തിയറ്ററിനെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
”ഇന്ത്യന്‍ സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഭീഷണികളും നാശനഷ്ടങ്ങളും പുതുമയല്ല. ഇത്തരം പ്രവൃത്തികള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെങ്കിലും, സമൂഹത്തിന് സുരക്ഷിതമായും സൗഹൃദപരമായും സിനിമ ആസ്വദിക്കാന്‍ ഇടം ഒരുക്കുന്നതില്‍ നിന്ന് ഞങ്ങളെ ഒന്നും തടയില്ല,” എന്ന് തിയറ്റര്‍ അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, പ്രേഷകര്‍ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ചാറ്റര് 1. ചിത്രത്തില്‍, നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്നത്. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍.
അതേസമയം, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണിന്റെ പുതിയ ചിത്രം ദേ കോള്‍ ഹിം ഒജിയും ഏറെ ശ്രദ്ധ നേടിയിരുന്നു. സാഹോ സംവിധാനം ചെയ്ത സുജിത് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്. പ്രശസ്ത നിര്‍മാണ കമ്പനി ഡി.വി.വി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


