ഇന്ത്യന്‍ ജനാധിപത്യം 140 കോടി ജനതയുടെ കണ്മുന്നില് നിന്ന് അതിസമര്‍ഥമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മുഴുവന്‍ ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര്‍ പട്ടികയാകെ തിരുത്തി വ്യാജന്മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപിയെന്നും ചെന്നിത്തല ആരോപിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഞങ്ങളെയും അവിടുത്തെ ജനങ്ങളെയും ഞെട്ടിപ്പിച്ച തെരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മഹാവികാസ് അഘാഡി വന്‍ മുന്നേറ്റം നടത്തി. 48 സീറ്റില്‍ 32 ഓളം സീറ്റുകള്‍ ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം നേരെ തിരിഞ്ഞു. അതൊരിക്കലും വിശ്വസനീയമായ ഒരു റിസള്‍ട്ട് ആയിരുന്നില്ല. അതിനുശേഷം ഞങ്ങള്‍ പഠിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥലങ്ങളിലും പ്രകടനങ്ങളും ജാഥകളും അതോടൊപ്പം തന്നെ ഇലക്ഷന് കമ്മീഷനുള്ള പരാതികളും ഒക്കെ കൊടുത്തതാണ്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഇതെല്ലാം്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതില്‍ അടുത്തപടി എന്തെന്ന് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും നഗ്നമായ ചട്ടലംഘനം നടന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ബിജെപിക്ക് അനുകൂലമായി ഇലക്ഷന് കമ്മീഷന് നടത്തിയ ഒരു അതിക്രമമായിരുന്നു. ആ അതിക്രമത്തിലൂടെയാണ് അവിടെ ഗവണ്മെന്റ് ഉണ്ടായത്. ഇപ്പോഴും ജനങ്ങള്‍ക്ക് ഈ തെരഞ്ഞഎടുപ്പ് ഫലത്തില്‍ വിശ്വാസമില്ല.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം കൃത്രിമം എവിടെയൊക്കെയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കും. പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം രമേശ് ചെന്നിത്തല പറഞ്ഞു


