നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ (NTA) മാത്രം പരീക്ഷകള്‍ ഏല്‍പ്പിക്കുന്നതില്‍ വലിയ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷാ നടത്തിപ്പിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് രാജ്യം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടിരിക്കുകയാണെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാനസികമായി തകര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ക്രമക്കേടുകള്‍ക്കെതിരെ പോരാടാന്‍ ഒത്തുചേര്‍ന്ന ഡെറാഡൂണിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ വഴി എപ്പോഴും മഹാത്മാ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ കഷ്ടതകള്‍ അനുഭവിച്ചാണ് മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ കഷ്ടപ്പാടുകളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. ഇന്ത്യയിലെ എല്ലാ മേഖലകളും കേന്ദ്രം സ്വകാര്യവല്‍ക്കരിച്ചു കഴിഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായി തുടരുകയാണ്. വെറും 6 ലക്ഷം തസ്തികകള്‍ക്കായി പരീക്ഷ എഴുതുന്നത് 9 കോടിയോളം ആളുകളാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഈ സിസ്റ്റം ഉയര്‍ത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദത്തെ പലപ്പോഴും അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലെ പരീക്ഷാ സിസ്റ്റത്തിലെ തകരാറുകള്‍ പരിഹരിക്കാതെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി സജീവമായി രംഗത്തില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഡെറാഡൂണില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
Comments


