ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് തർക്കത്തിന് പിന്നാലെ മറ്റൊരു ആരാധനാലയത്തിനെതിരെക്കൂടി ഹിന്ദുത്വ സംഘടന പരാതിയുമായി രംഗത്തെത്തി. ചന്ദൗസി റോഡിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ ‘ശ്രീ കൽക്കി സേന’ നൽകിയ പരാതിയിലാണ് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്.
പള്ളി സ്ഥിതി ചെയ്യുന്നത് പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) സംരക്ഷിത ഭൂമിയിലാണെന്നും, കെട്ടിടത്തിന്റെ യഥാർത്ഥ ഘടനയിൽ മാറ്റങ്ങൾ വരുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ശ്രീ കൽക്കി സേനയുടെ ദേശീയ കൺവീനറും അഭിഭാഷകനുമായ സുഭാഷ് ചന്ദ്ര ത്യാഗിയാണ് ജില്ലാ മജിസ്ട്രേറ്റിന് പരാതി സമർപ്പിച്ചത്.
ഭരണകൂടത്തിന്റെ നടപടി
പരാതി ലഭിച്ചതിനെ തുടർന്ന് സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് (എസ്.ഡി.എം) വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചു.
- മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം
- എ.എസ്.ഐ രേഖകൾ
- നിർമാണ-പുനർനിർമാണ പ്രവർത്തനങ്ങളുടെ ചരിത്രം എന്നിവ പരിശോധിക്കും.
- കൂടാതെ, സ്ഥലത്ത് അനധികൃത കയ്യേറ്റമോ മറ്റ് നിർമാണങ്ങളോ നടന്നിട്ടുണ്ടോയെന്നും സംഘം വിലയിരുത്തും.
“രേഖകൾ പരിശോധിച്ചതിൽ ശ്മശാനത്തിന് സമീപമുള്ള ചില പ്ലോട്ടുകൾ മസ്ജിദിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പള്ളി എ.എസ്.ഐയുടെ സംരക്ഷിത കെട്ടിടങ്ങളുടെ പരിധിയിൽ വരുന്നതാണോ എന്നതിലും, നിയമവിരുദ്ധ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നതിലും അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തത വരികയുള്ളൂ.”എന്ന്സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ
വാദങ്ങളും പ്രതിവാദങ്ങളും
മസ്ജിദിന്റെ സ്വത്ത് വഖഫ് ബോർഡിന്റെ പരിധിയിൽ വരുന്നതാണെന്നും, സയ്യിദ് ബാബ ബഹാവുദ്ദീൻ ഷായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുത്തവല്ലി അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ മസ്ജിദെന്നും പഴയ കെട്ടിടം ദുർബലമായതിനെ തുടർന്ന് 15-20 വർഷങ്ങൾക്ക് മുൻപാണ് ഇത് പുനർനിർമിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായ ലക്ഷ്യത്തോടെയാണ് പുതിയ തർക്കങ്ങൾ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
നേരത്തെ സംഭലിലെ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പള്ളിക്കെതിരെക്കൂടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.


