കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജനാധിപത്യ സംരക്ഷണ ദിനം സംഘടിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽ വലിയ അഭിമാനമുള്ളവരാണ് നാം. വിവിധ മതവിഭാഗങ്ങളും അല്ലാത്തവരുടെയും സംഗമഭൂമി കൂടിയാണ് ഇന്ത്യ. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമായ ആചാരനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ നാം ഉയർത്തിപ്പിടിച്ചിരിക്കുന്ന അഭിമാനബോധത്തെ തകർക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ സത്യസന്ധവും സുതാര്യവുമായി നടക്കുന്ന തെരഞ്ഞടുപ്പ് സംവിധാനങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇതിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി വരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രാജ്യത്തെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേടുകൾ നടത്താൻ കൂട്ട് നിന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിൻ്റെ വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് മുന്നിൽ തല താഴ്ത്തേണ്ടി വന്ന ദിനങ്ങളാണ് കഴിഞ്ഞ് പോയതെന്ന് നേതാക്കൾ തുടർന്നു. രാജ്യത്തെ നീതിപീഠം അതീവ ഗൗരവത്തോടെ ഇടപെട്ട് ജനാധിപത്യ ഇന്ത്യയുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി വിശിഷ്യാ മണിപ്പൂർ, ചത്തീസ്ഗഢ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഖേദകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ കലഹങ്ങൾക്ക് ഭരണകൂടം തന്നെ കുടപിടിച്ച് ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്നു. രാജ്യത്തിൻ്റെ പൈതൃകത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പോരാട്ട വഴികൾ തുറക്കണം. അതിനായി ഈ സ്വാതന്ത്ര്യ ദിനത്തെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവൻ ശാഖകളിലും സ്വതന്ത്ര ദിന പരിപാടി നടക്കുന്നുണ്ടെന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.


