ഇടുക്കി അടിമാലി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയ സംഭവത്തില്‍ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍. സ്കൂളിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിര്‍ദേശം.
സംഭവത്തില്‍ സ്ഥലം മാറിപ്പോയ പ്രധാന അധ്യാപികയ്ക്കും ഉത്തരവാദിത്തമുള്ളതിനാല്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം തേടും. പരിശോധനയ്ക്ക് ഡിഡിഇ നേതൃത്വം നല്‍കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമാക്കി.
വിദ്യാര്ത്ഥികളെയോ രക്ഷിതാക്കളെയോ അറിയിക്കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയെന്നാരോപിച്ച് അടിമാലി ഗവ.ഹൈസ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ടിസി വാങ്ങി മടങ്ങിയ കുട്ടികളെ തിരികെയെത്തിക്കാനും തീരുമാനിച്ചു. 12 കുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് മീഡിയം നടത്താനാണ് നീക്കം.
സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞിരുന്നു. വിദ്യാര്‍ഥികളില്ല എന്ന പേരില്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.


