കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംബിഎ ഉത്തരകടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും വിഷയത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും അന്വേഷണ സമിതിയുടെ ശുപാര്‍ശ ചെയ്തു.
കേരള സര്‍വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റര്‍ ഉത്തര പേപ്പര്‍ നഷ്ടമായതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജനുവരി 13ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും സര്‍വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
ജനുവരി 13ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഉത്തരക്കടലാസ് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായെന്നായിരുന്നു അധ്യാപകന് പറഞ്ഞത്. ബൈക്കില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റര്‍ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. സര്‍വകലാശാലയെ വിഷയം അറിയിച്ചിരുന്നതായും അധ്യാപകന് പറഞ്ഞിരുന്നു.


