മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.
മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.


