ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികമെന്നും വേണമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രാഈലിന് അവകാശമുണ്ടെന്നും പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു. ലബനാനിലും സിറിയയിലും ഇസ്രാഈല്‍ നേടിയ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും നെതന്യാഹു അവകാശപ്പെട്ടു.
”ഈ വെടിനിര്‍ത്തല്‍ താല്കാലികം മാത്രമാണ്. വേണമെങ്കില്‍ അമേരിക്കന്‍ പിന്തുണയോടെ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഈ വെടിനിര്‍ത്തല്‍ കരാറിലൂടെ 33 ബന്ദികളെയും തിരികെ കൊണ്ടുവരും. അവരെല്ലാം ജീവനോടെ തന്നെയുണ്ട്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റപ്പെടും. യുദ്ധം പുനരാരംഭിക്കന്‍ നിര്‍ബന്ധിതരായാല്‍ പൂര്‍വാധികം ശക്തിയോടെ അത് നടപ്പാക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയ ശേഷം ഇസ്രാഈല്‍ പശ്ചിമേഷ്യയുടെ മുഖഛായ മാറ്റി.”-നെതന്യാഹു പറഞ്ഞു.
ഖത്തര്‍, യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ എട്ടുമാസത്തെ മധ്യസ്ഥയിലാണ് വെടിനിര്‍ത്തല്‍ കരാറിന് വെള്ളിയാഴ്ച രാത്രി വൈകീട്ട് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. പിന്നാലെ ചേര്‍ന്ന സമ്പൂര്‍ണ കാബിനറ്റ് യോഗം ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ കരാര്‍ അംഗീകരിച്ചു.
വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ഇസ്രാഈല്‍ സൈന്യം ജനവാസ മേഖലയില്‍ നിന്ന് പിന്മാറും. കൂടുതല്‍ മാനുഷിക സഹായവും ഗസ്സയിലെത്തിയേക്കും. ഇതോടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനാകും.


