കോടതി വിധിക്ക് പിന്നാലെ, നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ രംഗത്തെത്തി നടന് വിജയ് ബാബു. നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ”എല്ലാം കോടതി വിലയിരുത്തിയല്ലോ” എന്ന് താരം മറുപടി നല്കി. സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മൃഗങ്ങളെയാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്നും അവര്‍ക്കാണ് നന്ദിയെന്നും വിജയ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സാന്ദ്രയുടെ അസൂയ ജനങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിക്കരുതെന്നും, തന്നെ പ്രകോപിപ്പിക്കരുതെന്നും വിജയ് മുന്നറിയിപ്പ് നല്കി. അങ്ങനെ സംഭവിച്ചാല്‍ തെളിവുകളുമായി പല വിവരങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോടതി വിധിക്ക് പിന്നാലെ, മുന്‍പ് പങ്കുവെച്ച പോസ്റ്റ് തിരുത്തി വിജയ് ബാബു വീണ്ടും പങ്കുവെച്ചിരുന്നു.
‘സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവള് മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ആരാണ് അതിനെ എതിര്‍ക്കുന്നത്. അവള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെന്‍സര്‍ വ്യക്തികള്‍ക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവര്‍ 2016 ല്‍ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതില്‍ കൂടുതലോ വാങ്ങിയ ശേഷം. 10 വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..’,


