സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരലി ശിഹാബ് തങ്ങളുടെ ധീരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. സൗമ്യമെങ്കിലും ശക്തമായിരുന്നു ഹൈദരലി തങ്ങളുടെ നിലപാടുകൾ. ഒരു തീരുമാനമെടുത്താൽ ആന വന്ന് കുത്തിയാലും അത് മാറ്റാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.
അതേ പാരമ്പര്യമാണ് സാദിഖലി തങ്ങളുടേതും. മരണം വരെ വളരെ സജീവമായാണ് അദ്ദേഹം പൊതുരംഗത്ത് നിലകൊണ്ടത്. വിശ്രമം എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതിരാക്ക് കയറിവന്നാലും കോലായിൽ ഇരിക്കുന്ന മുഴുവൻ ആളുകളെയും കണ്ട ശേഷമേ വിശ്രമിക്കാറുള്ളൂ. അത്രയും ക്ഷമ പാണക്കാട് കുടുംബത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും ഡോ. എം.കെ മുനീർ അനുസ്മരിച്ചു.


