അമേരിക്കയുടെ വിവിധ ഭാഗങ്ങിളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 31 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ മിസോറി, അര്‍ക്കന്‍സാസ്, ടെക്സസ്, ഒക്ലഹാമ എന്നീ നഗരങ്ങളില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. മിസോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 12 പേര് മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പ് നാഷണല്‍ വെതര്‍ സര്‍വീസ് നല്‍കിയിട്ടുണ്ട്. കനേഡിയന്‍ അതിര്‍ത്തി മുതല്‍ ടെക്സസ് വരെ മണിക്കൂറില്‍ 80 മൈല്‍ (130 കിലോമീറ്റര്‍) വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ടെക്സസിലെ പാന്‍ഹാന്‍ഡിലില്‍ ഉണ്ടായ പൊടിക്കാറ്റ് മൂലം കാര്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റിന് സാധ്യത പറഞ്ഞിട്ടുണ്ട്. കിഴക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതാ മുന്നറിയിപ്പുണ്ട്.
രൂക്ഷമായ കാലാവസ്ഥയെ തുടര്‍ന്ന് അര്‍ക്കന്‍സാസ്, ജോര്‍ജിയ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി 2,50,000 ഡോളര്‍ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.


