മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് സിനിമ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്ക്. സിനിമ റീസെന്‍സറിങ് നടത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് അടുത്തയാഴ്ച തിയറ്ററില്‍ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തംത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെയാണ് റീഎഡിറ്റിങ്ങിന് തയാറായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഇതോടെ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ശനിയാഴ്ച വൈകിട്ട് സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് മണിക്കൂറില്‍ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനൊപ്പം പ്രധാന വില്ലന്റെ പേര് വരുന്നിടത്ത് മ്യൂട്ട് ചെയ്യാനുമാണ് നീക്കം.
വോളന്ററി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂര്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നാകെ സമര്‍പ്പിക്കുക. തിങ്കളാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ചയായിരിക്കും വിഷയം ഇനി സെന്‍സര്‍ ബോര്‍ഡ് പരിഗണനയില്‍ എത്തുക. അങ്ങനെയെങ്കില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്കരിച്ച പതിപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുക.
അതേസമയം എമ്പുരാന് സിനിമക്കെതിരെ സംഘപരിവാര്‍ ഭീഷണിയ ഉയര്‍ന്നിരിക്കെ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന് കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.


