ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം. ഏഴ് പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പഴയ ഫാംഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കല്‍ ചാരിറ്റി സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേസ് പറഞ്ഞു.
മനഃപ്പൂര്‍വം ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അവസാന ആശുപത്രിയും ഫാര്‍മസിയുമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നന്നിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെയും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേസ് എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പുലര്‍ച്ചെ 4.30ന് അക്രമികള്‍ രണ്ട് ഹെലികോപ്റ്ററുകളിലായെത്തി ഫാര്‍മസിക്കും പഴയ ഫാംഗക് നഗരത്തിനും മേലെ ബോംബിടുകയായിരുന്നുവെന്ന് സംഘടനാ മേധാവി മമ്മന്‍ മുസ്തഫ ആരോപിച്ചു. കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


