വിദേശ വനിതയുടെ കാല്‍തുടയില്‍ ശിവന്റെ ചിത്രം പച്ചകുത്തിയതിന് പിന്നാലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെയും കടയുടമയെയും അറസ്റ്റ് ചെയ്ത് പൊലീസ്.
സാഹിദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ‘ജഗന്നാഥ ഭക്തര്‍’ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ അപമാനിച്ചുകൊണ്ട് പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും ദുരുദ്ദേശപരവുമായ പ്രവൃത്തികള്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഭുവനേശ്വറിലെ റോക്കി ടാറ്റൂസ് എന്ന ടാറ്റൂ പാര്‍ലറിന്റെ ഉടമയായ റോക്കി രഞ്ജന്‍ ബിസോയി, ടാറ്റൂ ആര്‍ട്ടിസ്റ്റ് അശ്വിനി കുമാര്‍ പ്രധാന് എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനിടെ, തന്റെ കടയിലെ ടാറ്റൂ കലാകാരനായ അശ്വിനി കുമാര്‍ പ്രധാന്, വിദേശ വനിതയുടെ അഭ്യര്‍ത്ഥനപ്രകാരം തുടയില്‍ ടാറ്റൂ പതിച്ച് നല്‍കിയതായി റോക്കി സമ്മതിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഭുവനേശ്വറിലെ ഒരു പാര്‍ലറില്‍ വിദേശ വനിതാ ടാറ്റൂ ചെയ്ത ശിവന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ജഗന്നാഥ ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധം ശക്തമായതോടെ ടാറ്റൂ പാര്‍ലറിന്റെ ഉടമയും വിദേശ വനിതയും സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി. തനിക്ക് ഒരു മതവിഭാഗത്തോടും അനാദരവ് കാണിക്കാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും താന്‍ ജഗന്നാഥ ഭഗവാന്റെ യഥാര്‍ത്ഥ ഭക്തയാണെന്നും യുവതി പറഞ്ഞു. ടാറ്റൂ ചെയ്ത ചിത്രം ഉടന്‍ തന്നെ മായ്ച്ച് കളയുമെന്നും യുവതി പറഞ്ഞിരുന്നു. 25 ദിവസത്തിനുശേഷം മാത്രമേ ടാറ്റൂ കളയാന്‍ കഴിയുകയുള്ളു, കാരണം ഉടനടി നീക്കം ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകും.


