സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത രണ്ടുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തോടെ കാലവര്‍ഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 27ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.


