താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുകയാണ്. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളില്‍ പലയിടത്തും നിറവ്യത്യാസങ്ങള്‍ ഉണ്ട്. മേഖലയിലെ ദ്രവിച്ച പാറകളാണ് മണ്ണിടിച്ചിലിന് കാരണമെന്ന് ജിയോളജി ഉദ്യോഗസ്ഥരുടെ വിലയിരുത്തി. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ആംബുലന്‍സ് മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചുരം വഴി വാഹനങ്ങള്‍ കടത്തിവിടില്ലെനാണ് താമരശ്ശേരി ഡി.വൈ.എസ്.പി സുഷീര്‍ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങള്‍ തടയും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്രക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
വടനാട് അതിര്‍ത്തിയായ ലക്കിടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. മേഖലയില്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടാകുമെന്ന് ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. മണ്ണിടിച്ചില്‍ തുടര്‍ന്നതോടെ ഇന്ന് രാവിലെ വീണ്ടും തടയുകയായിരുന്നു. തുടര്‍ന്ന് നിരവധി വാഹ്നങ്ങള്‍ വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്നിരുന്നു. ഈ വാഹനങ്ങളെയെല്ലാം ഇന്നലെ രാത്രി കടന്നുപോകാന്‍ അനുവദിച്ചിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചുരം വീണ്ടും അടച്ചു.


