കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആലപ്പുഴ ജില്ലയ്ക്കും അവധിയാണ്. ‘കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാന്‍ ഒന്നും നില്‍ക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിച്ച് നോക്കണം കേട്ടോ ‘ ആലപ്പുഴ കലക്ടര്‍ കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


