ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം പെന്ഷന് തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.
സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞിരുന്നു.


