അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍ 2024 ഡിസംബറില്‍ ഒരു വിഎച്ച്പി പരിപാടിയില്‍ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയേക്കും.
ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന്, ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്‍ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്‍ കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്‍ ഒപ്പിടണം.
മാര്‍ച്ച് 21 ന് രാജ്യസഭയില്‍ സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിഎച്ച്പി പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇത് ഹിന്ദുസ്ഥാന്‍ ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പറയാന്‍ എനിക്ക് ഒരു മടിയുമില്ല.’
ഡിസംബര്‍ 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്‍പ്പിച്ചു.
ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പറഞ്ഞു.
ഇംപീച്ച്മെന്റ് നോട്ടീസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ വിഷയം പാര്‍ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.
മാര്‍ച്ച് 25ന് ഫ്ളോര്‍ ലീഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 21നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്‍ലമെന്റിന് ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘പ്രാപ്തിക്കുറവ്’ എന്നിവയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്.


