മതവിദ്വേഷ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. തിങ്കളാഴ്ച ഹാജാരാകുമെന്ന് മകന് ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഫോണ്‍ വഴി അറിയിച്ചു. സ്റ്റേഷനില്‍ തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കും
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്റെ വസതിയിലെത്തിയിരുന്നു. എന്നാല്‍ രണ്ടു തവണയും പി സി ജോര്‍ജിനെ കണ്ടെത്താനായില്ല. പി സി ജോര്‍ജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പി സി ജോര്‍ജ് സാവകാശം തേടുകയായിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
പി സി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


