ഇടുക്കി തൊടുപുഴയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസ്. തൊടുപുഴ പൊലീസാണ് വിവിധ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. പിസി ജോര്‍ജിന്റെ പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കണ്ടെത്തല്‍. കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.
പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.
കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നും അമുസ്ലിംകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്നുമുള്ള പരാമര്‍ശങ്ങലാണ് പി സി ജോര്‍ജ് നടത്തിയത്. രാജ്യത്തെ സ്നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ടെന്നും ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാമെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പി സി ജോര്‍ജ് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.


