നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്കിയ വജാഹത് ഖാന് ഖാദ്രി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് സിന്ദൂരുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമര്‍ശിച്ചും, പ്രവാചകനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഷര്‍മിഷ്ഠ പനോളിക്കെതിരെ കേസെടുത്തത്.
ജൂണ്‍ 5 ന് കൊല്‍ക്കത്ത ഹൈക്കോടതി ഷര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 2ന് ഹിന്ദു ദേവതകള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ആരോപണം. ശ്രീറാം സ്വാഭിമാന്‍ പരിഷത്ത് എന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്.
തുടര്‍ന്ന് യുവാവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷര്‍മിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


