ദമ്മാം: കെ.എം.സി സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ എഞ്ചിനീയർ സി ഹാഷിം ഓർമ്മപുസ്തകം ‘യാ ഹബീബി’യുടെ സഊദി തല പ്രകാശനം സപ്തംബർ പതിനെട്ടിന്. വ്യാഴായ്ച വൈകിട്ട് ഏഴ് മണിക്ക് ദമ്മാം ഫൈസലിയ ഓഡിറ്റോറി യത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് അഖിലിന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി,പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഹോൽഡിങ്സ് സി. എം.ഡിയുമായ ഡോക്ട്ടർ സിദ്ധീഖ് അഹമ്മദ്,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി തുടങ്ങിയ വിശിഷ്ട വെക്തികൾ സംബന്ധിക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുസ്തകത്തിന്റെ പ്രകാശനകർമ്മം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിരവ്വഹിക്കും.ഡോക്ട്ടർ സിദ്ധീഖ് അഹമ്മദ് ഏറ്റുവാങ്ങും. സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും. സഊദി കെഎംസിസി മുൻ ദേശീയ ട്രഷററും കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരിൽ പ്രമുഖനും ദീർഘ കാലം പ്രസിഡണ്ടുമായിരുന്ന എഞ്ചിനീയർ സി ഹാഷിമിന്റെ ഓർമ്മ പുസ്തകം ‘യാ ഹബീബി’ കിഴക്കൻ പ്രവിശ്യ കെഎംസിസി യാണ് പ്രസിദ്ധീകരിക്കുന്നത്.
നാലു പതിറ്റാണ്ട് കാലത്തെ സഊദി പ്രവാസ ഭൂമികയിലെ സാമൂഹിക സാംസ്കാരിക മേഖലയുടെ ചരിത്രം കൂടിയാണ് ഓർമപുസ്തകത്തിന്റെ ഇതിവൃത്തം.
പ്രവാസികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ പ്രവാസ കൂട്ടായ്മയുടെ ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അർപ്പിച്ച സേവനങ്ങൾ, തുടങ്ങി ഒട്ടനവധി അറിവുകൾ ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുമെന്ന് പ്രസാധകസമിതി അറിയിച്ചു. ഹാഷിമിന്റെ നേതൃപാടവത്തിന്റെ നേരനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ സംസ്ഥാന ഭാരവാഹികൾ, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലുള്ള നേതാക്കൾ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖർ, എഞ്ചിനീയർ സി ഹാഷിമിൻ്റെ വിവിധ തുറകളിലെ സഹപ്രവർത്തകർ എന്നിവരടങ്ങുന്ന നൂറ്റി അമ്പതോളം അനുഭവക്കുറിപ്പുകൾ, അറുന്നൂറോളം പേജുകൾ, അപൂർവ ചിത്രങ്ങൾ, മനോഹരമായ നിർമ്മിതി തുടങ്ങിയവകൊണ്ട് സമൃദ്ധമാണ് പുസ്തകമെന്നും അവർ പറഞ്ഞു.
ദമ്മാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി ഭാരവാഹികളും പ്രസാധക സമിതി അംഗങ്ങളുമായ മുഹമ്മദ് കുട്ടി കോഡൂർ (പ്രസിഡന്റ് ) ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ ) സിദ്ധീഖ് പാണ്ടി കശാല (ജനറൽ സെക്രട്ടറി ) മാലിക് മഖ്ബൂൽ ആലുങ്ങൽ (ചീഫ് എഡിറ്റർ ) റഹ്മാൻ കാരയാട് (ഓർഗനൈസിഗ് സെക്രട്ടറി ) കബീർ കുണ്ടോട്ടി (സെക്രട്ടറി ) ഓ.പി ഹബീബ് (സെക്രട്ടറി ) അബ്ദുൽ മജീദ് കൊടുവള്ളി (ചീഫ് കോ ഓഡിനേറ്റർ ) എന്നിവർ പങ്കെടുത്തു.


