വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി രണ്ടാം ഘട്ട ബന്ദിമോചനത്തില്‍ നാല് ഇസ്രാഈല്‍ വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. ഗസ്സയിലെ ഫലസ്തീന് സ്ക്വയറില്‍വെച്ച് നാലുപേരെയും റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഇതിന് പകരമായി ഇസ്രാഈല്‍ തടവറകളില്‍ കഴിയുന്ന 180 ഫലസ്തീന് തടവുകാരെ മോചിപ്പിച്ചേക്കും.
ബന്ദികളായിരുന്ന കരീന അറീവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെ കൈമാറുന്നതിന് മുമ്പ് ഹമാസ് പോരാളികളും റെഡ് ക്രോസ് പ്രതിനിധികളും കരാറില്‍ ഒപ്പുവെച്ചു. ഇവരെ മോചിപ്പിക്കുന്നത് തെല്‍ അവീവില്‍ ബിഗ് സ്ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നെറ്റ്സാരിം ഇടനാഴിയില്‍നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കും. കൂടുതല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗസ്സയിലേക്ക് എത്തിക്കുന്നതിനായി റഫ അതിര്‍ത്തി തുറക്കാനും ഇസ്രാഇല് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രായേല്‍ തുടങ്ങിയ യുദ്ധത്തില്‍ 47,283 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,11,472 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തില്‍ 1139 ഇസ്രായേല്‍ പൗരന്മാരും കൊല്ലപ്പെട്ടു. 200 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.


