സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം ജയില്‍ച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമി ആവര്‍ത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും. ഗോവിന്ദച്ചാമി ജയില്‍ച്ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിലും അന്വേഷണം നടക്കും.
ഈ മാസം ഒന്നിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂര്‍ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടമായാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്ന അതേകാര്യങ്ങള്‍ തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോടും ഗോവിന്ദച്ചാമി ആവര്‍ത്തിച്ചത്.
അതേസമയം ഗോവിന്ദച്ചാമി പറഞ്ഞകാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജയില്‍ ചാടുന്നതിനായി സെല്‍ മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ സംശയമുണ്ട്. മറ്റേതെങ്കിലും ആയുധം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതില്‍ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടാകും.


