അയ്യപ്പസംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് നവരാത്രി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപൂജ ഉള്‍ക്കൊള്ളുന്ന നമ്മുടെ സംസ്കാരത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയിലെ ഭക്തരാണെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. എല്ലാവരും ഇപ്പോള്‍ അയ്യപ്പ ഭക്തന്മാരാണ്. അത് അവരുടെ രാഷ്ട്രീയ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
താന്‍ ആര്‍എസ്എസുകാരനാണെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. തനിക്ക് എല്ലാ പദവികളും തന്നത് ആര്‍എസ്എസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


