തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വില വര്‍ധനവ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലവര്‍ധനയെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി സി വിഷ്ണുനാഥ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
കേരളത്തില്‍ വിലക്കയറ്റ തോത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ഉപഭോക്തൃ വില സൂചിക (സിപിഐ) വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓഗസ്റ്റില്‍ കേരളത്തിലെ വിലക്കയറ്റ തോത് 9 ആയപ്പോള്‍ പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആയിരുന്നു. തുടര്‍ച്ചയായി എട്ട് മാസമായി കേരളം വിലക്കയറ്റത്തില്‍ ഒന്നാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു. ഓണക്കാല വിപണി ഇടപെടലിന് ആവശ്യപ്പെട്ട 420 കോടി രൂപയില്‍ 205 കോടി മാത്രമാണ് വകയിരുത്തിയതും, 176 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരത്തിലുള്ള സമീപനത്തിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. പപ്പടം ഇനി ചുട്ട് തിന്നേണ്ട അവസ്ഥയാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ചു.
സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിനെതിരെ സിപിഐ സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറുകാര്‍ക്കു നല്‍കേണ്ട പണം നല്കാത്തതിനാല് ടെന്‍ഡറുകളില്‍ പോലും അവര്‍ പങ്കെടുക്കുന്നില്ലെന്നും ആരോപിച്ചു. ‘വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക മാര്‍ഗം രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കലാണ്,’ എന്നും വിഷ്ണുനാഥ് പരിഹസിച്ച് പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വിഷ്ണുനാഥിനെ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അഭിനന്ദിച്ചു. പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തര പ്രമേയങ്ങളില്‍ നാലും വിഷ്ണുനാഥിന്റേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


