സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രംഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Comments


