കൊച്ചി: രാജ്യത്ത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് സാധ്യത. ആഗോള വിപണിയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നതും കേരളത്തിലെ നിരക്കുകളെ സ്വാധീനിക്കുന്നു. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,636.59 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 3,673.95 ഡോളറെന്ന റെക്കോര്‍ഡ് നിരക്കിലായിരുന്നു. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണു സുചന.
യു.എസ് സമ്പദ്വ്യവസ്ഥയിലെ കണക്കുകള്‍ പ്രതീക്ഷകള്‍ക്ക് നിരക്കാത്തതും, സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ തിരഞ്ഞെടുക്കുന്നതും, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന സാധ്യതയും വില ഉയരാന്‍ കാരണമായി.
കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്ധിച്ചുവെന്നതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും 3% ജിഎസ്ടിയും ചേര്‍ന്ന് ഒരു പവന് 90,000 രൂപയ്ക്കടുത്ത് ചെലവാകുന്നു.
മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വര്‍ണവില ഇരട്ടിയായി. 2022 ഡിസംബര്‍ 29ന് ഗ്രാമിന് 5,005 രൂപയും പവന് 40,040 രൂപയുമായിരുന്നു. അന്ന് അന്താരാഷ്ട്ര വില 1,811 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.84 രൂപയുമായിരുന്നു. ഇപ്പോള്‍ സ്വര്‍ണവില 3,640.89 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 രൂപയുമാണ്.


