ബംഗളൂരു 21 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം പിടിയില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സംഘത്തിലെ ആറുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ മലയാളികളായ എ.എം. സുഹൈല്‍ (31), കെ.എസ്. സുജിന്‍ (32), ദമ്പതികളായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.
സംഘത്തില്‍ നിന്ന് ഏകദേശം ആറുകിലോ മെത്താംഫെറ്റാമൈന്‍ (മെത്ത്) പൊലീസ് പിടിച്ചെടുത്തു. ഡല്‍ഹിയില്‍നിന്ന് ബംഗളൂരു വഴിയും പിന്നീട് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കും ലഹരി വിതരണം നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. സോഷ്യല്‍ മീഡിയയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന നൈജീരിയന്‍ പൗരനാണ് പ്രധാന വിതരണ ഉറവിടമെന്ന് കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മുഖ്യ കണ്ണിയായ സുഹൈല്‍ മുന്‍പ് ദുബായില്‍ ജോലി ചെയ്തിരുന്നുവെന്നും പിന്നീട് അന്താരാഷ്ട്ര ലഹരിക്കടത്തില്‍ പ്രവേശിച്ചതായും പൊലീസ് വ്യക്തമാക്കി. ഐ.ടി. ജീവനക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സുഹൈലിനെതിരെ ഇതിനുമുന്‍പും ലഹരിക്കടത്ത് കേസുകളുണ്ട്.
വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിക്കുന്നതായും സുഹൈലിന് മെത്തുകള്‍ വിതരണം ചെയ്യുന്നതായും കേസില്‍ പിടിയിലായ പ്രതി ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് ഇയാള്‍ അടുത്തിടെ ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന സംഘമാണ് ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ ആഫ്രിക്കന്‍ പൗരന്മാര് വഴി എത്തിച്ചതെന്നും അന്വേഷണത്തില്‍ പുറത്തുവന്നു.


