ഗോട്സെയുടെ പിന്‍ഗാമികള്‍ ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങളെ അടിച്ചമര്ത്തിവരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വ്യാജ ഗാന്ധിമാര്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് റാലികള്‍ നടത്തുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ കൂടി കൊലപാതകമായിരുന്നെന്നും ഇന്ത്യയുടെ സംസ്കാരത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആ പോരാട്ടം ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോട്സെയും അക്രമവും വിഭജനത്തിന്റെ പ്രത്യയശാസ്ത്രവും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആശയവും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. ബി.ജെ.പി ഭിന്നിപ്പിക്കുകയാണ്.
ഞങ്ങള്‍ എല്ലാവരെയും തുല്യരായി കാണുന്നു. ബി.ജെ.പി ദലിതര്‍, ആദിവാസികള്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. അവര്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെങ്കില്‍, ഞങ്ങള്‍ ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്ക് തുല്യത നല്കുന്നു. അവര്‍ സമ്പന്നരെ സഹായിച്ചാല്‍, നമ്മള് ദാരിദ്ര്യത്തിനെതിരെ പോരാടുകയും എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്കാന് ശ്രമിക്കുകയും ചെയ്യും. ഇതാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ചരിത്രം വെറുപ്പിന്റെ രാഷ്ട്രീയമാണ്. അക്രമമാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ട് അവര്‍ സിദ്ധരാമയ്യക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ ഗൂഢാലോചന നടത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്മോഹന് സിങ്ങിനെ വരെ ദിനംപ്രതി ആക്രമിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ അവര്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.
കാരണം, ഞങ്ങള്‍ ജനങ്ങളുടെ ശബ്ദമാണ്. അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന എല്ലാവരെയും ബി.ജെ.പി ആക്രമിക്കുകയാണ്. അതുകൊണ്ട് അവര്‍ കര്‍ഷക നേതാക്കളെയും ആക്രമിക്കുന്നു അദ്ദേഹം പറഞ്ഞു.


