വയനാട് തലപ്പുഴയില്‍ കടുവയ്ക്ക് ആയുള്ള വനംവകുപ്പിന്റെ മെഗാ തെരച്ചില്‍ അവസാനിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് കടുവയ്ക്കായുള്ള തെരച്ചിലില്‍ ആരംഭിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെണ് കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോര്‍ത്ത് വയനാട് DFO മാര്ട്ടിന് ലോവല്‍ പറഞ്ഞു. തലപ്പുഴ 43ാം മൈല്‍, ജോണ്‍സണ്‍കുന്ന്, കമ്പിപ്പാലം, കരിമാനി പാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ തലപ്പുഴയില്‍ പലയിടങ്ങളിലായി കടുവയെ പ്രദേശവാസികള്‍ കണ്ടിരുന്നു. ഇതോടെ ജനങ്ങള്‍ ഭീതിയിലായി. വനംവകുപ്പിന്റെ കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിന് പിന്നാലെ പലരും കടുവയെ നേരില്‍ കാണുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്ത് മെഗാ തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.


