രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.
ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതല്‍ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് ഉത്തരവിട്ടു.
ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.


