ഡല്‍ഹി ആനന്ദ് വിഹാറില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആര്‍ എന്‍ക്ലേവിന് സമീപമുണ്ടായ തീപിടിത്തത്തില്‍ രണ്ട് സഹോദരന്മാര് ഉള്‍പ്പെടെ മൂന്ന് പേര് വെന്തുമരിച്ചു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തില്‍ പൊള്ളലേറ്റ നിതിന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ രണ്ട് മണിക്ക് ടെന്റില്‍ തീ പടരുന്നത് ശ്യാം സിംഗ് കണ്ടെന്നും തന്നെ ഉണര്‍ത്തി, പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നിതിന്‍ ടെന്റിന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ തീയില്‍ കുടുങ്ങുകയായിരുന്നു.
തീപിടിത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


