ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.
വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


