തണര്ത്തു പൊന്തിയ കവിളുകളായിരുന്നു അവളുടെ അനുഭവം ടീച്ചര്‍മാരിലേക്ക് എത്തിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കരയാതെ വായിക്കാന്‍ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. നോട്ടു ബുക്കിലെ വരികള്‍ ഇങ്ങനെയായിരുന്നു. ‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറെ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയ്യുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.
സ്വന്തം അനുഭവങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഒരു 9 വയസ്സുക്കാരി എഴുതിയ കുറിപ്പുകളാണിവ, ഒരു വര്‍ഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുണ്ടായിരുന്നൊള്ളു. സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും പ്രതികളായ പാലമേല്‍ കഞ്ചുകോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാറും ഭാര്യ ഷെബീനയും ഒളിവില്‍ പോയി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം കുട്ടിയുടെ മാതാവ് തെസ്നി മരിച്ചു. തുടര്‍ന്ന് അന്‍സാറിന്റെ മാതാപിതാക്കളാണു കുട്ടിയെ വളര്‍ത്തിയത്. 5 വര്‍ഷം മുന്‍പ് അന്‍സാര്‍ മാതൃസഹോദരന്റെ മകള്‍ ഷെബീനയെ വിവാഹം ചെയ്തു. ഇവര്‍ക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോള്‍ കവിളുകളിലെ തിണര്‍പ്പു കണ്ട് അധ്യാപിക വിവരം അനേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്.
ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഷെബീന തലമുടിയില്‍ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെ പറ്റി കള്ളങ്ങള്‍ പറഞ്ഞുവെന്നും കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഇരുകവിളിലും പലതവണ അടിക്കുകയും കാല്‍മുട്ടുകള്‍ അടിച്ചു ചതക്കുകയും ചെയ്തു. പുലര്‍ച്ചവരെ താന്‍ ഉറങ്ങാന്‍ കഴിയാതെ കരയുകയായിരുന്നു വെന്നും കുട്ടി പറഞ്ഞു.
അന്‍സാറിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ടു മാസം മുന്‍പാണ് പുതിയ വീട്ടിലേക്കു താമസം മാറിയത്.
സെറ്റിയില്‍ ഇരിക്കരുത്, ശുചിമുറിയില്‍ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകള്‍ അവള്‍ക്ക് അവിടെ ഉണ്ടായിരുന്നു. തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്‍ താമസിച്ചാല്‍ മതിയെന്നും കുറിപ്പുകളിലും നേരിട്ടും അവള് കരഞ്ഞു പറഞ്ഞു.
അന്‍സാര്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അന്‍സാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്നാണ് പോലീസ് അറിയിച്ചത്.
‘കുട്ടിയുടെ മേല്‍ നിയന്ത്രണാധികാരം ഉള്ള വ്യക്തി കുട്ടികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂര്‍വം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് 3 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് സ്റ്റേഷന് ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണു പരിഗണിക്കാറുള്ളത്.’ അഡ്വ. പാര്‍വതി മനോന്‍ (കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്സ് സെന്റര്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍).


