നാഗര്‍കോവില്‍: പേച്ചിപ്പാറ പഞ്ചായത്തിലെ തോട്ടമല ആദിവാസി മേഖലയില്‍ കരടിയുടെ ആക്രമണത്തില്‍ പിതാവിനും മകനും പരിക്കേറ്റു. രാമയ്യന്‍കാണി(70), മകന് വിജയകുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരുടേയും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച സ്വന്തം കൃഷിസ്ഥലത്ത് നിന്ന് കുരുമുളക് പറിച്ച് മടങ്ങും വഴിയായിരുന്നു കരടി ആക്രമിച്ചത്. വഴിയരികിലെ നീരുറവയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന കരടിയും കുട്ടികളും നടന്നുവന്ന രണ്ട് പേരെയും കണ്ട് ഇരുവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കരടി രാമയ്യന് കാണിയുടെ മുഖത്ത് ചാടി കടിച്ചു. ഇതുകണ്ട് രക്ഷപ്പെടുത്താന്‍ വന്ന മകനെയും കരടി മുഖത്ത് കടിച്ചു.
ഇതിനിടയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ കരടിയുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കരടിയെ വിരട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


