കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി. കര്‍ണാടക സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേന്ദര്‍ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം സംഭവം നടന്നത്.
ആഗസ്റ്റ് 22ന് വികാരാബാദിലെ മെഡിക്കല്‍ ചെക്കപ്പിനുശേഷം മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് പോകുവാന്‍ സ്വാതി പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ റെഡ്ഡി ഇത് സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് ശരീരഭാഗങ്ങള്‍ മുറിച്ചത്. തടര്‍ന്ന് ഇവ ബാഗിലാക്കി മുസി നദയില് ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ തലയും കൈയും കാലുകളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയില്‍ ഉപേക്ഷിച്ചത്. മഹേന്ദര്‍ റെഡ്ഡി ശരീരഭാഗങ്ങളുമായി വീടിന് പുറത്തേക്കിറങ്ങുന്നത് സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് ശരീരാവശിഷ്ടങ്ങള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
തലയില്ലാത്ത യുവതിയുടെ മൃതദേഹം ഇയാള്‍ മുറിയില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ റെഡ്ഡി ഭാര്യസഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതില്‍ സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിളിച്ച് വിവരം പറയുകയും ബന്ധു മഹേന്ദറിനേയും കൂട്ടി സ്റ്റേഷനില്‍ ഹാജരാവുകയുമായിരുന്നു. എന്നാല്‍ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം ചെയ്ത വിവരം ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഭാര്യയെ കാണാനില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
മഹേന്ദറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബി.എന്‍.എസ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തെലങ്കാനയിലെ വികാരബാദ് ജില്ലയിലെ താമസക്കാരായ മഹേന്ദ്രയുടേയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. 2024 ഏപ്രിലില്‍ മഹേന്ദറിനെതിരെ വികാരാബാദ് പൊലീസില്‍ സ്വാതി ഗാര്‍ഹിക പീഡനത്തിന് കേസും നല്‍കിയിരുന്നു. പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ഹൈദരാബാദിലെ ഒരു സ്വകാര്യ കോള്‍ സെന്ററില്‍ സ്വാതി മൂന്ന് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ മഹേന്ദറിന്റെ സംശയത്തെ തുടര്‍ന്ന് സ്വാതി ജോലി ഉപേക്ഷിക്കുകയായിരുന്നു.


