ലഖ്നൗ: ട്രെയിനില്‍ ടിടിയായി ആള്‍മാറാട്ടം നടത്തി യാത്രക്കാരില്‍ നിന്നും തട്ടിയത് പതിനായിരത്തിലധികം രൂപ. സംഭവത്തില്‍ 40കാരനായ സഹറന്പൂര് സ്വദേശി ദേവേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്നു. പിന്നീട് വേഷം മാറി ടിടി ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പണം അടിച്ചു മാറ്റുകയായിരുന്നു. ഗോമതി എക്സ്പ്രസില്‍ പരിശോധന നടത്തി വരുന്നതിന്റെ ഇടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. കൂടാതെ നിരവധി ടിക്കറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.
ടിടിമാര്‍ ധരിക്കുന്ന യൂണിഫോമുകളെ പോലെ സാമ്യം തോന്നുന്ന രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. യാത്രക്കാര്‍ ടിടിയാണെന്ന് വിശ്വസിക്കുന്ന വിധമാണ് ഇയാള്‍ ട്രെയ്നുകളില്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ഇത്തരം ആളുകളെ കണ്ടെത്തി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വില്‍ക്കുന്നതാണ് യുവാവിന്റെ പ്രധാന രീതി.
വിശദമായ ചോദ്യം ചെയ്യലില്‍ ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ ഇയാള്‍ മുന്‍പ് കുപ്പിവെള്ളം വില്‍പ്പന നടത്തിയിരുന്ന ആളെണെന്ന് പോലീസിനോട് ദേവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇത്തരം ആള്‍മാറാട്ടം നടത്തികൊണ്ട് ഒരു ദിവസം പതിനായിരം രൂപ വരെ സമ്പാദിച്ചിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.


