തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കേണ്ടെന്ന് വിദഗ്ധര്‍. പുറത്തെടുക്കുന്നത് യുവതിയില്‍ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതേസമയം സുമയ്യയുടെ തുടര്‍ചികിത്സകള്‍ ഉറപ്പാക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് എക്സറേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ മൂന്നിന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള സാധ്യതകള്‍ തേടാമെന്നാണ് അന്ന് ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. 2023 മാര്‍ച്ചില്‍ തൈറോയിഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.


