അശ്റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നുമക്കളെ കൊലപ്പെടുത്തി പ്രവാസി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ദമ്മാമിനടുത്ത അല്‍ കോബാര്‍ ശമാലിയ്യയില് ചെവ്വാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീന(33) യാണ് സ്വന്തം മക്കളെ നിഷ്ടൂരമായി കൊലപ്പെടുത്തിയത്.തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ അബോധാവസ്ഥയില്‍ ആസ്പത്രിയിലേക്ക് മാറ്റി. തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെയും ഇളയമകന് മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ഇവരുടെ താമസസ്ഥലത്തെ ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ചാണ് യുവതി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ആണ് ഇവരുടെ ഭര്‍ത്താവ്.അദ്ദേഹം ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പ്പോഴാണ് മുഹമ്മദ് ഷാനവാസ് ദുരന്തമറിയുന്നത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാല് വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റെഡ്ക്രസന്റിന്റെ സഹായത്തോടെ മയ്യിത്തുകള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈദ ഹുമൈദ പൊലീസ് കസ്റ്റഡിയിലാണ്.
വര്‍ഷങ്ങളായി പ്രവാസിയായ മുഹമ്മദ് ഷാനവസ് എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തെ സന്ദര്‍ശക വിസയില്‍ സഊദിയിലേക്ക് കൊണ്ടുവന്നത്.
കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സൈദ ഹുമൈറ അംറീന് മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സ തേടിയിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. അതേസമയം ജീവിതത്തിലെ ഒറ്റപ്പെടലും, നിരാശയുമാണ് ഇത്തരത്തില്‍ കടുംകൈ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഹുമൈറയുടെ ഭാഷ്യം. കുട്ടികളുടെ മയ്യിത്തുകള്‍ ദമ്മാമില്‍ ഖബറടക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.


