ഓണക്കാലത്തെ ലഹരിയുടെ അനിയന്ത്രിത ഒഴുക്കിനെ നേരിടാന്‍ ജാഗ്രതയോടെ എക്സൈസ്. പരിശോധന ആരംഭിച്ചതോടെ ഈ മാസം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 95 എന്‍.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകള്‍. 83 അബ്കാരി കേസുകളും കണ്ടെത്തി.
എന്‍.ഡി.പി.എസ് കേസുകളില്‍ 94 പേരെയും അബ്കാരി കേസുകളില്‍ 82 പേരെയും അറസ്റ്റ് ചെയ്തു. 5.098 കിലോ കഞ്ചാവ്, 0.965 ഗ്രാം എം.ഡി.എം.എ, 228 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 13.4 മില്ലീലിറ്റര്‍ ചാരായം എന്നിവയാണ് പിടിക്കൂടിയിരിക്കുന്നത്. നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 594 കോട്പ കേസുകളും എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ ലക്ഷ്യമിട്ട് ഈമാസം നാലിന് ആരംഭിച്ച സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ 10വരെ തുടരും.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകള്‍, വാറ്റിന് സാധ്യതയേറിയ മലയോര വനമേഖലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എക്സൈസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിട്ടുണ്ട്. പ്രത്യേക വാഹന പരിശോധനകളും നടക്കുന്നു.
മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടുന്നതിനായി 24 മണിക്കൂറും ഇടുക്കി എക്സൈസ് ഡിവിഷന് ഓഫിസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളെ കുറിച്ച് കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം.


