കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പുനഃസംഘടിപ്പിച്ച കേരള പ്രവാസി കമീഷൻ സമിതിയിലേക്ക് സഊദി അറേബ്യയിലെ മുൻ പ്രവാസിക്കും പ്രാതിനിധ്യം. ദമ്മാം,റിയാദ്,ജിദ്ദ എന്നിവിടങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവാസിയായിരുന്ന എം.എം. നഈമിനെയാണ് ആറംഗ കമീഷനിൽ ഒരാളായി സർക്കാർ നിയോഗിച്ചത്.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം നീണ്ട പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് സ്ഥിരവാസമയത്.
എൻ.ആർ.ഐ കമീഷൻ ചെയർപേഴ്സൻ റിട്ടയേഡ് ജസ്റ്റിസ് സോഫി തോമസ് ആണ് ചെയർ പേഴ്സൻ. എം.എം. നഈമിനെ കൂടാതെ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമീഷൻ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
1996 മുതൽ 2023 വരെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ പ്രവാസജീവിതം നയിച്ച എം.എം. നഈം മലപ്പുറം തിരൂർക്കാട് മരാത്തൊടി മുഹമ്മദാലി മാസ്റ്ററുടെയും സൈനബ ടീച്ചറുടെയും മകനാണ്.
രണ്ടു തവണ ലോക കേരളസഭ അംഗം, പ്രഥമ മലയാള മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ്, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ്, ട്രഷറർ, ദമ്മാം നവോദയ രക്ഷാധികാരി, ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കൈരളി ടിവി സഊദി കോഓഡിനേറ്റർ എന്നീനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.


