കോഴിക്കോട് : സാധാരണക്കാരന്റെ ആശ്രയമായ റേഷൻ സമ്പ്രദായം അവതാളത്തിലായിട്ടും അനങ്ങാപാറ നയം തുടരുന്ന ഇടത് സർക്കാർ കേരളത്തിന് ബാധ്യതയായതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ, കാലിയായ റേഷൻ കടകൾക്ക് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ നാളെ (ശനിയാഴ്ച) പ്രതിഷേധ നിൽപ് സമരം സംഘടിപ്പിക്കും.
റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഭീമമായ കുടിശ്ശിക സർക്കാർ വരുത്തിയതാനാൽ അവർ വിതരണം നിർത്തിയതാണ് റേഷൻ പ്രതിസന്ധിക്ക് കാരണം. ഫണ്ട് കിട്ടാത്തതിനാൽ റേഷൻ വിതരണ കരാറുകാർ ജനുവരി ഒന്നാം തിയ്യതി മുതൽ ആരംഭിച്ച സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും രമ്യമായ പരിഹാരം കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. മാത്രവുമല്ല വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 27 മുതൽ റേഷൻ കട വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
എ.പി.എൽ, ബി.പി.എൽ, എ.പി.എൽ.എസ്.എസ്, എ.എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 9466307 കാർഡ് ഉടമകളാണുള്ളത്. ഇതിൽ 587574 എ എ വൈ കാർഡുകളും 3610 299 മുൻഗണനാ കാർഡുകളുമാണുള്ളത്. മുൻഗണനാ വിഭാഗത്തിന് കാർഡിലെ ഓരോ അംഗങ്ങൾക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമായി അഞ്ച് കിലോ ധാന്യവും എ.എ.വൈ വിഭാഗത്തിന് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമായി 35 കിലോ ധാന്യവുമാണ് ഒരു മാസത്തെ റേഷൻ . എന്നാൽ റേഷൻ വിതരണം മുടങ്ങിയതോടെ ജീവിതം തന്നെ അപകടത്തിലായിക്കുകയാണ്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന പിണറായി സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ ജനരോഷമുയർത്തി അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് യൂത്ത് ലീഗ് നിൽപ് സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധ സമരം വൻ വിജയമാക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു.


