കാസര്‍കോട് സൂര്യാഘാതമേറ്റ് വയോധികന് മരിച്ചു. കാസര്‍കോട് കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്(92) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെ വീടിനടുത്ത് വെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്.
അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാമെന്നാണ് വിവരം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതലാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും.
ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃതൃമശീതളപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികള്‍.


