കൊച്ചി: ലഹരിക്കേസില്‍ ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 29 (10 വര്‍ഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എന്‍.എസ് സെക്ഷന്‍ 238 (മൂന്ന് വര്‍ഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
താരത്തെ ഇന്ന് പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.
കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന് പൊലീസിന് നല്കിയ മൊഴി.
മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.
പരിശോധന ദിവസം നടന് ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്കാന് ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.
മുന്‍പ് ഡി അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.
എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.


