ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.


